ഡിജിറ്റൽ യാത്രാവിവര അടിസ്ഥാനസൗകര്യങ്ങളുടെ ഈ കാലഘട്ടത്തിലെ ആവശ്യകത
ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നാണ് ബസ്സുകൾ. എന്നാൽ ഈ ഡിജിറ്റൽ യുഗത്തിലും യാതൊരുവിധ യാത്രാവിവര സംവിധാനങ്ങളും നമ്മുടെ നാട്ടിൽ നിലവിലില്ല. നമ്മൾ ഒരു ബസ് സ്റ്റാന്റിലോ, ബസ് സ്റ്റോപ്പിലോ പോവുകയാണെന്നിരിക്കട്ടെ, ചോദിച്ച് ചോദിച്ച് അങ്ങ് പൊയ്‌ക്കോളണം എന്നതാണ് രീതി. ബസ്സിൽ കയറിയാലും സ്ഥിതി വ്യത്യസ്തമല്ല. അതുപോലെ ഒരു ഓട്ടോറിക്ഷ വിളിക്കണമെങ്കിൽ ഓട്ടോസ്റ്റാൻഡും തേടി അലയേണ്ട അവസ്ഥയാണ്. ഇക്കാരണങ്ങളാൽ ഒട്ടനവധി യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളെ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളിലേക്ക് മാറാൻ നിർബന്ധിതരാവുന്നു. ഓരോരുത്തരും അവരവരുടെ വാഹനത്തിൽ യാത്ര ചെയ്യുന്നത് കടുത്ത ഗതാഗത തിരക്കാണ് ഗ്രാമങ്ങളിൽ പോലുമുണ്ടാക്കുന്നത്, കൂടിയ അന്തരീക്ഷ മലിനീകരണം, ഉയർന്ന അപകടനിരക്ക് എന്നിവ അടുത്ത പ്രശ്നങ്ങൾ ആണ്. ഫോസിൽഇന്ധന അമിതോപഭാഗം ആണ് മറ്റൊരു പ്രശ്നം. ജോലിചെയ്തുണ്ടാക്കുന്ന പൈസയിലെ നല്ലൊരു പങ്കും ഇന്ധനത്തിനായി ചിലവാക്കേണ്ടിവരുന്നത് വ്യക്തികൾക്കും, കുടുംബങ്ങൾക്കും പ്രശ്നം സൃഷ്ടിക്കുന്നു. മറ്റൊരു പ്രശ്നം ബസ്സ് വ്യവസായ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികളും ബസ്സ് ജീവനക്കാരുടെ ജോലി നഷ്ടമാവുന്നതും...